poland pappaക്രാക്കോവ്: മുപ്പത്തിയൊന്നാമത് ലോക യുവജന സംഗമത്തിന് പോളണ്ടിലെ ക്രാക്കോവില്‍ ജൂലൈ 26 ന് (ചൊവ്വ)വര്‍ണ്ണാഭമായ തുടക്കം. യുവജനസമ്മേളനത്തെ അനുഗ്രഹിയ്ക്കാന്‍ ജൂലൈ 27 ന് വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പാ പോളണ്ടില്‍ എത്തി. പാപ്പായുടെ ആദ്യത്തെ പോളണ്ട് സന്ദര്‍ശനമാണിത്.

 

ഉദ്ഘാടന പരിപാടിയില്‍ നടന്ന ദിവ്യബലിയില്‍ വിശുദ്ധപദവിയിലെത്തിയ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മുന്‍ സെക്രട്ടിയായ ക്രാക്കോവ് കര്‍ദ്ദിനാള്‍ സ്റ്റനിസ്‌ളാവ് ഡ്‌സിവിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുനൂറോളം ബിഷപ്പുമാരും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നിന്നുള്ള വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റെ സിഡ്‌റ്റോയും കുടുംബാംഗങ്ങളും ദിവ്യബലിയിലും ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തു. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്നും രണ്ടു മില്യന്‍ യുവജനങ്ങള്‍ ഉദ്ഘാടനദിനത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

 

ദൈവത്തിന്റെ ദിവ്യമായ അനന്തകാരുണ്യം ലോകമെമ്പാടും അറിയിക്കാന്‍ യുവജനങ്ങള്‍ കാരുണ്യത്തിന്റെ അംബാസഡര്‍മാരായി മാറണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ സ്റ്റനിസ്‌ളാവ് ഡ്‌സിവിസ് പറഞ്ഞു. യുവജനങ്ങള്‍ക്ക് എന്നും പ്രചോദനവും ആവേശവുമായ വി.ജോണ്‍ പോള്‍ രണ്ടാമന്റെ സ്വന്തം മണ്ണില്‍ നടക്കുന്ന യുവജനസംഗമത്തിന് പ്രത്യേക വിശേഷണം തന്നെയുണ്‌ടെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.ദിവ്യബലിയ്ക്ക് ഒരു വന്‍ യുവജന ഗായകസംഘംതന്നെ അകമ്പടിയുണ്ടായിരുന്നു.

 

വര്‍ണ്ണപ്പൊലിമയാര്‍ന്ന ഉദ്ഘാടനത്തിനൊപ്പം ആഘോഷമായ ദിവ്യബലിയും നടന്നത് ബ്‌ളോണിയ പാര്‍ക്കിലാണ്. ക്രാക്കോവിലെ ബ്‌ളോണിയ പാര്‍ക്ക് ഒരു യുവസാഗരമായി മാറിയിരിയ്ക്കയാണ്. 600 ഏക്കര്‍ വിസ്താരമുള്ള മൈതാനമാണു സംഗമത്തിനു വേണ്ടി പ്രത്യേകം തയാറാക്കിയിരിക്കുന്നത്.

 

ഇന്‍ഡ്യയില്‍ നിന്ന് ആയിരത്തിലധികം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഇന്‍ഡ്യന്‍ സംഘത്തെ നയിക്കുന്നത് ബല്ലേരി ബിഷപ്പും ഇന്‍ഡ്യന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാനുമായ ഹെന്റി ഡി സൂസയാണ്. സമാപന കലാപരിപാടികളില്‍ ഉഡുപ്പി രൂപതയിലെ മംഗലാപുരത്തു നിന്നുള്ള മൂന്നു യുവജനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊങ്കിണി ഭാഷയിലെ പ്രശസ്ത ഗായകന്‍ കെവിന്‍ മിസ്‌ക്വിത്ത്, എയ്‌സ് ആങ്കറും ടിവി താരവുമായ ഷെല്‍ഡോണ്‍ ക്രാസ്റ്റ, ഉഡുപ്പി രൂപതാ ഐസിവൈഎം പ്രസിഡന്റ് ലോയല്‍ ഡി സൂസയുമാണ് ഈ മൂവര്‍ സംഘം. കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തില്‍ ഐസിവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ.മാത്യു ജേക്കബ് തിരുവാലില്‍, എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാത്യു കൈപ്പന്‍പ്ലാക്കല്‍, കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷൈന്‍ ആന്റണി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എം. കണ്ടത്തില്‍ തുടങ്ങിയവരും സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

ബൈബിള്‍ അടിസ്ഥാനമാക്കി സ്‌നേഹം, സാഹോദര്യം, സഹിഷ്ണത, സമാധാനം എന്നിവയാണ് സംഗമത്തിന്റെ മുഖ്യസന്ദേശമായി ഉയര്‍ത്തിയിരിയ്ക്കുന്നത്.

 

സമാപന പരിപാടിയിലെ സംഗീതമേള യുവജനസംഗമത്തിന്റെ ഹൈലൈറ്റ്‌സായിരിയ്ക്കും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനുള്ള സ്മരണാഞ്ജലിയായി സമര്‍പ്പിയ്ക്കുന്ന സംഗീത പരിപാടിയ്ക്ക് ജോണ്‍ പോള്‍ രണ്ടാമന്റെ ദിവ്യബലി എന്നാണ് നാമകരണം ചെയ്തിരിയ്ക്കുന്നത്. പോളണ്ടിലെ പ്രശസ്തരായ 300 പേരടങ്ങുന്ന ഗായകസംഘവും 100 കലാകാരന്മാര്‍ പങ്കെടുക്കുന്ന ഓര്‍ക്കെസ്ട്രയും സംഗീത പരിപാടിയെ യുവജനങ്ങളുടെ മനം കുളിര്‍പ്പിക്കും. ലത്തീന്‍ ഭാഷയില്‍ എഴുതി ഹെന്റിക് ജാന്‍ ബോതോര്‍ സംവിധാനം ചെയ്ത സംഗീത പരിപാടി വിവിധ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജൂലൈ 26 ന് ആരംഭിച്ച യുവജനസംഗമത്തിന് ജൂലൈ 31 ന് തിരശീലവീഴും.

No comments yet... Be the first to leave a reply!