courtലണ്ടന്‍: ഒരു വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബ്രിട്ടനിലെ മലയാളി നഴ്‌സിന് ജയില്‍ ശിക്ഷ. അഞ്ച് വര്‍ഷത്തെ തടവാണ് മലയാളി നഴ്‌സിന് ബ്രിട്ടീഷ് കോടതി വിധിച്ചത്. കേസ് അന്വേഷിച്ച് അപകട സമയം വാഹനം ഓടിച്ച നഴ്‌സ് കുറ്റക്കാരിയാണെന്ന് ഒരു മാസം മുമ്പ് കോടതി കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് കോടതി ഇന്നലെയാണ് കേസ് പരിഗണിച്ച് എല്ലാ ഭാഗങ്ങളും പരിഗണിച്ച് ശിക്ഷ വിധിച്ചത്.

അപകടം ഉണ്ടായ ഉടന്‍ തനിക്കെതിരായുള്ള തെളിവാകുമെന്ന് ഭയന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ കടുത്ത നിലപാടുമാണ് മലയാളി നഴ്‌സിന് തടവറ ഒരുക്കിയത്. ഒരു നിമിഷത്തെ അശ്രദ്ധയ്ക്ക് ബ്രിട്ടനിലെ നോട്ടിങ്ഹാമിലെ മലയാളി നഴ്‌സിനാണ് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നത്. ഇടുക്കി സ്വദേശിയായ നഴ്‌സിനെയാണ് കോടതി ശിക്ഷിച്ചത്.

2014 നവംബറില്‍ ലെസ്റ്ററിന് സമീപം എം1 ലെ ജംങ്ഷന്‍ 21 നും 22 നും ഇടയില്‍ വച്ചായിരുന്നു അപകടം നടന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് അശ്രദ്ധയോടെ മോട്ടോര്‍വേയിലേക്ക് കയറിയതു കൊണ്ട് കടന്നു പോയ ലോറിക്കിട്ട് ഇടിച്ചെന്നും ലോറി വെട്ടിച്ചപ്പോള്‍ സെന്‍ട്രല്‍ റിസര്‍വേഷന്‍ തകര്‍ത്ത് മറുവശത്തേക്ക് പോയെന്നും കോടതി കണ്ടെത്തി. എതിര്‍ വശത്ത് കൂടി കടന്ന് പോയ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ ഗുരതരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയും മലയാളി വീട്ടമ്മയെ ശിക്ഷിക്കുന്നതിന് കാരണമായി. മികച്ച പൊതു പ്രവര്‍ത്തക എന്ന നിലയില്‍ ചാള്‍സ് രാജകുമാരനില്‍ നിന്നും എംബിഇ വാങ്ങി ഒരാഴ്ച കഴിഞ്ഞായിരുന്നു ഈ സ്ത്രീ അപകടത്തില്‍ പെട്ടത്. കോടതിയില്‍ ഹാജരായി വളരെ വികാരഭരിതയായി ലീസി ബൗറസ് സ്‌ട്രോ എമ്മന സ്ത്രീ നല്‍കിയ മൊഴിയാണ് പരമാവധി ശിക്ഷ വിധിക്കുന്നതിന് കാരണമായത്.

38 കാരിയായ മലയാളി നഴ്‌സ് കവന്‍ട്രി ആശുപത്രിയിലേക്ക് നൈറ്റ് ഷിഫ്റ്റിന് പോകുമ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്. അശ്രദ്ധയോടെ വാഹനം ഓടിച്ച് ഉണ്ടായ മരണം, അശ്രദ്ധയോടെ വാഹനം ഓടിച്ചുണ്ടായ പരിക്ക്, നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം (മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത്) എന്നീ മൂന്ന് കുറ്റങ്ങള്‍ക്കാണ് ബ്രിട്ടീഷ് കോടതി ശിക്ഷ വിധിച്ചത്.

No comments yet... Be the first to leave a reply!